കാൽപ്പാടുകൾ

ചെമ്പകം കൊഴിഞ്ഞു വീണ വഴിയിലൂടെ ഞങ്ങൾ മരണത്തെ പറ്റി സംസാരിച്ചു നടന്നു,
കുട്ടിക്കാലത്ത് ചെമ്പകവും പാലയും പൂക്കുന്നത് ഭയപ്പെട്ടിരുന്നതിനെ പറ്റി , യക്ഷി കഥകളിൽ മരണം നിഴലിച്ച് നിന്നതിനെപ്പറ്റി ഓർത്തെടുത്തു ചിരിച്ചു….

ഇന്നെന്തിനെയാണ് രവി ഭയപ്പെടുന്നുണ്ടാവുക…. കൗതുകം തോന്നിയെങ്കിലും ചോദിച്ചില്ല….

ഏറെ ദൂരം നടന്നിരിക്കുന്നു, ഇന്ന് മരണത്തെ പറ്റിയല്ലാതെ വേറൊന്നും അവൻ സംസാരിച്ചില്ല, വീണ്ടും ചിരിയാണ് വന്നത്, നേരം പുലരാറായി, സൂര്യനുദിക്കും, മഞ്ഞ് തുള്ളികൾ നാണം കുണുങ്ങി നിൽക്കുന്നത് ഒന്നു കൂടെ കാണണമെന്നുണ്ടായിരുന്നു,
ശരീരത്തെ യാത്രയാക്കിയപ്പോൾ എന്തൊക്കെയാണ് ബാക്കിയായത്….. വിട്ട് കൊടുക്കാത്തത് കൊണ്ടു മാത്രം രവിയുടെ പ്രണയം മരണത്തെയും തോൽപ്പിച്ചു.
അത്ഭുതമാണ്, അസംഭവനീയമാണ്….. ശാസ്ത്രത്തിനപ്പുറം വിശ്വാസമെന്നൊരു സത്യമുണ്ടെന്നവൻ വാദിക്കും…

നാളെ കാണാം… ഞാൻ യാത്ര പറഞ്ഞു,
നടന്നു വന്ന വഴിയിൽ പതിഞ്ഞ അവൻ്റെ  കാൽപാടുകളിലൂടെ ഞാൻ തിരികെ നടന്നു.
മരിച്ചവർക്ക് കാൽപ്പാടുകൾ പതിപ്പിക്കാൻ അവകാശമില്ലെന്നാരു പറഞ്ഞു.

2 thoughts on “കാൽപ്പാടുകൾ

Leave a comment