സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

ഞാൻ എവിടെ എഴുതി തുടങ്ങണം ജെസബൽ, ഈ പുസ്തകം കരയാതെയും ചിരിക്കാതെയും എങ്ങനെ വായിച്ച് തീർക്കും.

കെ.ആർ മീരയുടെ ആരാച്ചാർ വായിച്ച് തീർന്നപ്പോൾ എനിക്ക് വല്ലാത്ത അമർഷം തോന്നി, ആണുങ്ങളെ ഇങ്ങനെ ദോഷിക്കേണ്ടതുണ്ടോ, സ്ത്രികൾക്ക് ഇത്രയും ലിബറേഷൻ്റെ ആവശ്യമുണ്ടോ, എഴുത്തുകാരി തൻ്റെ ഫ്രസ്റ്റേറേഷൻ കാണിക്കുന്നതാണ് എന്ന് ഞാൻ തീർത്ത് പറഞ്ഞു, എനിക്കന്ന് വയസ്സ് 22 ഞാനന്ന് ലോകത്തിലെ ഏറ്റവും ഉദാത്തനായ പുരുഷനെ പ്രണയിക്കുകയായിരുന്നു അയാൾ പോയി മറ്റനേകം പുരുഷൻമാരേയും ഞാൻ കണ്ടു. ഇന്നെനിക്ക് വയസ് 27 ഞാനിന്ന് വിവാഹിതയാണ്, കെ. ആർ മീരയുടെ പുസ്തകങ്ങളെ തേടി പിടിച്ചു വായിക്കുന്നു, ഭഗവാൻ്റെ മരണം, മീരാസാധു, സൂര്യനെ അണിഞ്ഞ സ്ത്രി…. “പണ്ടത്തെ പൗരുഷത്തിൻ്റെ ജീർണിച്ച അവസ്ഥയാണ് ഇന്നത്തെ പുരുഷൻമാർ ” എന്ന് വായിച്ച് ഞാൻ ആനന്ദിച്ചു, “ഒക്കെ ഗതികിട്ടാത്ത ആത്മാക്കൾ”എന്ന് വായിച്ച് സഹതപിച്ചു വാട്ട്സപ്പ് സ്റ്റാറ്റസുകൾ ഇട്ട് ആഘോഷിച്ചു, എല്ലാ ആണുങ്ങളും അങ്ങനെയല്ല എന്ന് പറഞ്ഞ സുഹൃത്തിനെ പുഛിച്ചു… പക്ഷെ ‘ജെസബെൽ,” ഈ പേര് ഞാൻ ചിലപ്പോൾ തലമുറകൾക്ക് കൈമാറിയേക്കും…മുഖത്തിൻ്റെ ഏതോ ഭാഗത്തോട്ട് കണ്ണാടി പിടിച്ച് പ്രതിഫലനം കാണുന്നത് പോലെ ഞാൻ ഈ പുസ്തകം വായിച്ച് തീർത്തു. വീഴ്ത്താൻ കാത്തിരിക്കുന്ന അനേകം കുടുക്കുകൾക്ക് അടുത്താണ് ഓരോ പെൺജീവിതവും, അനുസരിക്കാൻ, ക്ഷമിക്കാൻ, നിശബ്ദയാകാൻ, മറഞ്ഞിരിക്കാൻ, ലജ്ജിക്കാൻ, ഉത്തമയായ ഭാര്യയാകാൻ,മറക്കാൻ, നല്ലവളാകാൻ, നാണിക്കാൻ, സുന്ദരിയാകാൻ അങ്ങനെ എത്ര കുടുക്കുകൾ…

Leave a comment